ഉജ്ജൈൻ: ഒരുദിവസം നീണ്ട ഭഗീരഥ പ്രയത്നം വിഫലം, രണ്ടര വയസുകാരനായ ഭാഗീരഥ് മരണത്തെപ്പുൽകി.
മധ്യപ്രദേശിലെ ഉജ്ജൈന്‍ ഗ്രാമത്തിൽ കുഴൽക്കിണറിൽ അബദ്ധത്തിൽ വീണ കുട്ടിയെ 23 മണിക്കൂർ നീണ്ട ദൗത്യത്തിൽ പുറത്തെത്തിച്ചുവെങ്കിലും സങ്കടക്കണ്ണീർ ബാക്കിയാവുകയായിരുന്നു.
ബദ്നഗറിലെ ജലാരിയയിലുള്ള കുഴൽക്കിണറിൽ വ്യാഴാഴ്ച വൈകുന്നേരം ഏഴരയോടെയാണ് ഭാഗീരഥ് വീണത്. ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) സംഘമുൾപ്പെടെ രക്ഷാപ്രവർത്തനത്തിന് എത്തി.
ശ്രമകരമായ ദൗത്യത്തിനൊടുവിൽ പുറത്തെത്തിച്ച കുട്ടിയെ ആശുപത്രിയിലേക്കു മാറ്റി. ഇതിനുശേഷമാണു മരണം സ്ഥിരീകരിച്ചതെന്ന് കളക്ടർ റോഷൻ കുമാർ സിംഗ് പറഞ്ഞു.
60 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിയത്. രാജസ്ഥാനിലെ പാലി സ്വദേശി പ്രവീൺ ദേവാസിയുടെ മകനാണ് ഭാഗീരഥ്.